വി.ജോൺ പോൾ രണ്ടാമൻ. ഒരു അനുസ്മരണം



ഇന്ന് ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ചരമ വാര്ഷികം ആണ്(2 April 2005). ഒരു കാലഘട്ടത്തെ മുഴുവൻ സ്വാധീനിച്ച വലിയ വ്യക്തിത്വം. വിശുദ്ധൻ. ഞാൻ അൾത്താര ബാലൻ ആയിരുന്ന കാലത്ത് കാറോസ്സൂസ പ്രാർത്ഥനയിൽ റോമിലെ ജോൺ പോൾ പാപ്പയ്ക്ക് വേണ്ടിയും എന്ന് പ്രാർത്ഥിക്കുമ്പോൾ എന്നെങ്കിലും ഈ മനുഷ്യനെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരുന്നു. അതിനു കാരണം എന്ത് എന്ന് എനിക്ക് ഇന്നും അറിയില്ല. പിന്നീടു ഞാൻ സെമിനാരിയിൽ ചേര്ന്നു. 2004 ആഗസ്റ്റ് മാസം സെമിനാരി പഠനത്തിനായി റോമിൽ വരുവാൻ എനിക്ക് വലിയ ദൈവകൃപ ലഭിച്ചു. അന്ന് പലതവണ മാർപാപ്പയെ വളരെ അടുത്ത് കണ്ടിട്ടുണ്ട്. അപ്പോൾ ശാരീരികമായി വളരെ തളർന്നിരുന്ന മാർപാപ്പയെ വീൽചെയറിൽ ആയിരുന്നു കൊണ്ടുപോയിരുന്നതെങ്കിലും ആത്മീയമായ വലിയ കരുത്ത് അദേഹത്തിന്റെ മുഖത്ത് വായിക്കാമായിരുന്നു. പാപ്പ കടന്നു പോകുന്ന വഴികളിൽ കാണാൻ നില്ക്കുന്ന ആളുകൾ അദ്ധേഹത്തെ ഒരു നോക്ക് കാണാൻ പറ്റിയ സന്തോഷത്തിൽ വിതുമ്പി കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്ന് എനിക്കറിയില്ല. പാപ്പ ഗൌരവമായി രോഗബാധിതൻ ആണ് എന്ന് അറിഞ്ഞ അന്ന് മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം യുവജനങ്ങൾ സെന്റ് പീറെര്സ് ചത്വരത്തിൽ എത്തി മെഴുകു തിരികൾ കത്തിച്ചു മുട്ടിൻമേൽ നിന്ന് പ്രാര്തിക്കുന്നതും കാണാൻ ഇടയായി. ഈശോയിലും, പത്രോസാകുന്ന പാറമേൽ പണിയപ്പെട്ട സഭയിലും ഉള്ള വിശ്വാസം ലോകം മുഴുവൻ പച്ചകെടാതെ നില്ക്കുന്നു എന്ന് മുഖാമുഖം കണ്ടു മനസ്സ് നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു അത്. പ്രാദേശിക സമയം വൈകുന്നേരം ഏതാണ്ട് 8.30 യോട് കൂടി (2 ഏപ്രിൽ) ആണ് പാപ്പയുടെ മരണവാര്ത്ത ലോകത്തെ അറിയിക്കുന്നത്. തങ്ങളുടെ വീട്ടിലെ വളരെ പ്രിയപ്പെട്ട ആരോ മരണപെട്ടു എന്നതുപോലെ അവിടെ കൂടിയ ലക്ഷകണക്കിന് ആളുകളുടെ മുഖത്ത് ആ വാർത്ത മ്ലാനത പരത്തി. മൂന്നു ദിവസത്തേക്ക് പാപ്പയുടെ പുണ്യ ശരീരം പൊതു ദർശനത്തിന് വച്ചതായാണ് എന്റെ ഓർമ. മതനേതാക്കൾ... രാഷ്ട്ര തലവന്മാർ ..ലക്ഷ കണക്കിന് ആളുകൾ ആണ് പാപ്പയെ ഒരു നോക്ക് കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും എത്തിയത്. 7 മണിക്കൂറോളം ക്യു നിന്നാണ് പലരും പാപ്പയെ കണ്ടത്. അത്രയും സമയം ക്യു നില്കാനുള്ള ഒരു പാലക്കാരന്റെ മടി മൂലം ഞാൻ അതിലെ ചുറ്റി കറങ്ങി നടന്നു. അതിനിടയിൽ ഏതോ നാട്ടില നിന്നും വന്ന ഒന്ന് രണ്ടു ചാനലുകൾക്ക് ഞാൻ ഇരയായി. അന്ന് വൈകിട്ട് സെമിനാരി റെക്ടർ മൊൺ. പെദ്രോ ഹ്യുദോബ്രോ അത്താഴം കഴിഞ്ഞപ്പോൾ ചോദിച്ചു ഇനിയും പാപ്പയെ കാണാൻ സാധിക്കാത്തവർ കൈ പോക്കാൻ. ക്യു നില്ക്കാൻ മടിയുള്ള എന്നെ പോലുള്ള 8 പേരും കൂടി ഉണ്ട് എന്ന് കണ്ടപ്പോൾ എനിക്ക് സന്തോഷമായി. നാളെ എന്റെ ക്കോടെ പോരാൻ റെക്ടർ അച്ചൻ ഞങ്ങളെ ക്ഷണിച്ചു. റെക്ടർ അച്ചൻ ക്യു ഒന്നും നില്ക്കാതെ ഞങളെ പാപ്പയുടെ മൃതദേഹത്തിന് അടുത്ത് എത്തിച്ചു. ഇരുവശഗളിലും ആയി പിതാക്കാൻ മാര്ക്കും രാഷ്ട്രതലവന്മാര്ക്കും ഇരിക്കാൻ പ്രത്യേകം സ്ഥലം ഒരുക്കിയിരുന്നു. റെക്ടർ അച്ചൻ അവിടെ ഇരുന്നു അഞ്ചു മിനുറ്റു പ്രാർത്ഥിക്കാൻ ഉള്ള അനുവാദം അവിടെ നിന്ന സ്വിസ് ഗാര്ടിനോട് ചോദിച്ചു തരപ്പെടുത്തി. അങ്ങനെ ഞങ്ങള്ക്കും പാപ്പയുടെ തൊട്ടു അടുത്ത് ഇരിക്കാൻ ഭാഗ്യം കിട്ടി. അപ്പോൾ ആണ് George W. Bush, Laura Bush, George H. W. Bush, Bill Clinton, Condoleezza Rice എന്നിവര് എത്തിയത്. എല്ലാവരും അവരവര് ആയിരിക്കുന്ന സ്ഥലത്ത് തന്നെ നില്ക്കാൻ ഓർഡർ വന്നു. ഞങൾ പാപ്പയുടെ തൊട്ടടുത്ത്....അരമണിക്കൂര്. അവിടെ അര മണിക്കൂര് ഇരുന്നെങ്കിലും കാര്യമായി ഒന്നും പ്രാര്തിചോന്നുമില്ല. അവിടെ അമേരിക്കൻ പ്രസിഡന്റ് വരുന്നതൊക്കെ നോക്കിയിരുന്നു.പാപ്പയുടെ മരണത്തിനു ശേഷം അവിടെ വന്നവർ പാപ്പയെ പെട്ടെന്ന് വിശുധനാക്കണം എന്ന് അർത്ഥം വരുന്ന (santo subito in italian ) പ്ലക്കാർഡുകൾ പിടിച്ചിരുന്നു. അത് ആ നിമിഷം എന്റെ മനസ്സിൽ വന്നു. ഒരു പുണ്യാളന്റെ മൃതശരീരത്തിന്റെ മുൻപിൽ ആണല്ലോ ഞാൻ ഇരിക്കുന്നത് എന്ന് പെട്ടെന്ന് എനിക്ക് ഓര്മ വന്നു. ഉടനെ എങ്ങാനും വിശുദ്ധൻ ആക്കിയാൽ അതിലും പങ്കെടുക്കാൻ പറ്റുമല്ലോ എന്ന് ഞാൻ ചിന്തിച്ചു. മരിച്ചടക്ക് ഏപ്രിൽ 8 നു ആയിരുന്നു. രാവിലെ 3 മണിക്ക് എഴുന്നേറ്റു മരിച്ചടക്കിൽ സംബന്ധിക്കാൻ പോയി. പോളണ്ടിൽ നിന്നും തലേ ദിവസേ വന്നു വഴിയില കിടന്നു ഉറങ്ങുന്ന ഒത്തിരി ആളുകള് ഉണ്ടായിരുന്നു. അതിനാല അവർ എഴുനെല്ക്കാതെ വഴി തുറക്കില്ല എന്ന് പോലിസുകാർ പറഞ്ഞു. അങ്ങനെ മണിക്കൂറുകൾ നിന്ന് ആ മരിച്ചടക്കിൽ സംബന്ധിച്ചു. പ്രസംഗത്തിൽ Card. Joseph Ratzinger (Later Benedict XVI ) പറഞ്ഞു ഇപ്പോൾ സ്വര്ഗത്തിന്റെ കിളിവാതിലിലൂടെ നമ്മെ എല്ലാം പാപ്പ ആശീർവദിക്കുന്നുണ്ട് എന്ന്. ഞാനും തല കുനിച്ചു ആ ആശീർവാദം വാങ്ങി. 2013 ൽ വീണ്ടും പഠനത്തിനായി ഇവിടെ വരാൻ ദൈവം അനുഗ്രഹിച്ചു. 2014 ഏപ്രിൽ 27 നു അങ്ങനെ നാമകരണ ചടങ്ങിലും പങ്കെടുക്കാൻ സാധിച്ചു. ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ.

Comments

Popular posts from this blog